ഭോപ്പാല്‍: നാലംഗ സംഘത്തിന്റെ ക്രൂരമായ ബലാത്സംഗത്തിനിരയായ പത്തൊന്‍പത് വയസ്സുകാരിയുടെ പരാതി രേഖപ്പെടുത്താന്‍ എസ് ഐ വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ അമ്മ. ചൊവ്വാഴ്ച്ചയാണ് ഭോപ്പാലിലെ ഹബീബ്ഗഞ്ചില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

സംഭവത്തെത്തുടര്‍ന്ന് ആദ്യം മധ്യപ്രദേശ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സംഭവം നടന്നത് തങ്ങളുടെ പരിധിയിലല്ലെന്നും ഹബീബ്ഗഞ്ച് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ സ്ഥലം എസ് ഐ നിര്‍ദ്ദേശിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

ഹബീബ്ഗഞ്ച് സ്റ്റേഷനില്‍ പരാതിയുമായെത്തിയ രക്ഷിതാക്കളോട് പരാതിയിന്മേല്‍ അന്വേഷണം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് സംഭവം സത്യമല്ലെന്നും മെനഞ്ഞുണ്ടാക്കിയ കഥയെന്ന് പരിഹസിച്ചുവെന്നും ദേശീയ മാധ്യത്തോട് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ അടിയന്തരമായി ഇടപെടുകയും അതിവേഗ കോടതിയില്‍ വിചാരണ നടത്തുമെന്നും അറിയിച്ചു.