ചെന്നെ:ഒരു മഹാപ്രളയം വന്നു വിഴുങ്ങിയപ്പോഴാണ് ചുറ്റുമുള്ള നന്മയുടെ മുഖങ്ങളെ മലയാളികള്‍ കണ്ടത്.സ്വന്തം സമ്പാദ്യക്കുടുക്ക പൊട്ടിച്ച് ദുരിതബാധിതര്‍ക്കായി നല്കിയ കുട്ടികള്‍,കമ്മലൂരി നല്കിയ വീട്ടമ്മ..അങ്ങിനെ മനുഷ്യത്വത്തിന്റേയും നന്മയുടേയും ഒട്ടനവധി മാതൃകകള്‍..ഇപ്പോഴിതാ മലയാളികളുടെ പ്രിയഗായകന് ഉണ്ണിമേനോന് മകന്റെ വിവാഹാവശ്യത്തിനായി കരുതിവച്ച പണം കേരളത്തിലെ ദുരിതബാധിതര്‍ക്കായി നല്‍കുകയാണ്.ലുലു കണ്വന്ഷന് സെന്ററില്‍വച്ച് ആര്‍ഭാടമായി നടത്താന്‍ നിശ്ചയിച്ചിരുന്ന മകന് അങ്കൂറിന്റെ വിവാഹത്തിന്റെ ചടങ്ങുകള്‍ ലളിതമാക്കിയാണ് ഉണ്ണിമേനോന് പ്രളയബാധിതരെ സഹായിക്കാന്‍ തയ്യാറായത്.ചെന്നൈയില്‍ ആര്‍ക്കിടെക്റ്റായ അങ്കൂറും അച്ഛന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്കി.
ഒമ്പത് മാസമായി വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.ആര്‍ഭാടമായി ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കേരളത്തെ പ്രളയം ബാധിച്ചതോടെ ചടങ്ങുകള്‍ ലളിതമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണിമേനോന് പറയുന്നു.
വിവാഹത്തിന് 2500 പേരെ ക്ഷണിക്കാനായിരുന്നു തീരുമാനമെങ്കിലും ഇത് 200 പേരിലേക്ക് ചുരുക്കി.വിവാഹം ലുലു കണ്വെന്ഷന് സെന്ററില്‍നിന്നും ചെന്നൈയിലേക്ക് മാറ്റുകയും ചെയ്തു.
വിവാഹം ലളിതമായി നടത്താന്‍ കുടുംബം ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു.വധുവിന്റെ കുടുംബവും ഉണ്ണിമേനോന്റെ തീരുമാനത്തെ പിന്തുണച്ചു.ഇപ്പോള്‍ ദുബായില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ കാവ്യയാണ് അങ്കൂറിന്റെ വധു.