ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തിയതിനു കാരണം മട്ടന്‍ കറി.ചെല്ല ഗുരപ്പ (65) യാണ് മകന്‍ ചെല്ല വെങ്കട രാമുഡുവിന്റെ മര്‍ദ്ദനത്തില്‍ മരിച്ചത്. വി കോട്ട മണ്ഡലില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മട്ടന്‍ കറിക്ക് രുചിയില്ലെന്നു പറഞ്ഞ് അത് തയ്യാറാക്കിയ മരുമകളുടെ നേര്‍ക്ക് ചെല്ലഗുരപ്പ വലിച്ചെറിഞ്ഞതാണ് മകനെ പ്രകോപിപ്പിച്ചത്.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനൊടുവില്‍ മകന്‍ ചെല്ല ഗുരപ്പയെ മര്‍ദിക്കുകയും തല ഭിത്തിയില്‍ ചേര്‍ത്ത് അടിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഗുരപ്പ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.സംഭവത്തില്‍ ഗുരപ്പയുടെ മകന്‍ വെങ്കട രാമുഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.