ഇടുക്കി:കാലവര്‍ഷം നാശംവിതച്ച ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിയില്‍ വിള്ളലുണ്ടാവുന്നതുള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പ്രാഥമിക പഠനം തുടങ്ങി.സീനിയര്‍ ജിയോളജിസ്റ്റുകളായ സുലാല്‍,മഞ്ജു ആനന്ദ്, കെ.ജി.അര്‍ച്ചന എന്നിവര്‍ മൂന്നാര്‍ ഗവ.കോളേജിനു സമീപത്തുണ്ടായ മണ്ണിടിച്ചിലുകള്‍ പരിശോധിച്ചു.നീര്‍ച്ചാലുകളുടെയും മണ്ണിന്റെയും കല്ലിന്റെയും സ്വഭാവഘടനയും പരിശോധിച്ചു.പ്രദേശത്ത് ദിവസങ്ങളുടെ പഠനം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മറു സ്ഥലങ്ങളും ജിയോളജിസ്റ്റുകള്‍ സന്ദര്‍ശിക്കും. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കേരള യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി മുരളീധരന്‍, ഡയറക്ടര്‍ ഡോ. മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിശദമായ പഠനങ്ങള്‍ 7, 9, 18 തീയതികളില്‍ ആരംഭിക്കും.
ഇടുക്കിയിലെ മലയോരപ്രദേശങ്ങളില്‍  52 ഇടങ്ങളിലാണ് ഭൂമി ഇടിഞ്ഞ് താഴുകയും നിരങ്ങി നീങ്ങുകയും ചെയ്തത്.ഇതേ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു.ഏക്കറുകണക്കിന് സ്ഥലവും കൃഷിയോഗ്യമല്ലാതായി.പ്രദേശത്ത് നിര്‍മ്മാണങ്ങള്‍ പാടില്ലെന്നും താമസം ഒഴിവാക്കണമെന്നുമാണ് വിദഗ്ദ്ധസംഘം ശുപാര്‍ശ ചെയ്യുന്നത്.ഉരുള്‍പൊട്ടല്‍ മേഖലയിലെ അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണം ഒഴിവാക്കണമെന്നും പഠനം നടത്തുന്ന ഇദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു.