ജനീവ:പ്രളയത്തില്‍ നിന്നും കരകയറ്റിയവരെ മറക്കാതെ ജനീവ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്.കടലിനോട് മല്ലടിച്ച് നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നും അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്ടപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.യുഎന്നിലെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ചത്.
സര്‍ക്കാര്‍ സംവിധാനം ജാഗരൂകമായി മുഴുവന്‍ സമയവും ഈ പ്രതിസന്ധി നേരിടാനായി പ്രവര്‍ത്തനനിരതമായിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ എല്ലാ ദിവസവും യോഗം ചേര്‍ന്നു വിലയിരുത്തി. സായുധസേനാംഗങ്ങളും ഇതില്‍ മുഖ്യപങ്കുവഹിച്ചു. വീടുകളിലകപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നല്‍കിയത്. സാമൂഹിക പങ്കാളിത്തത്തോടെ ഇത് വളരെ ഫലപ്രദമായി ചെയ്യാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയിരക്കണക്കിന് പൗരന്മാരുടെയും പ്രവാസി മലയാളികളുടെയും സഹായ ഏജന്‍സികളുടെയും സംഭാവനകള്‍ സംഭരിക്കാനും കാര്യക്ഷമമായി വിനിയോഗിക്കാനും സാധിച്ചു. സംസ്ഥാനത്ത് സാധാരണ സ്ഥിതി വളരെ പെട്ടെന്ന് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു.പ്രളയ ബാധിത വീടുകളുടെ ശുചീകരണവും, കുടിവെള്ളം, മരുന്നുകള്‍, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കി.കേരളീയ സമൂഹം ഈ പ്രകൃതിദുരന്തത്തെ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തോടെയാണ് നേരിട്ടത്.പ്രത്യേകിച്ച് യുവാക്കളും വിദ്യാര്‍ത്ഥികളും അസാധാരണമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചു. കേരള സമൂഹത്തില്‍ വേരൂന്നിയ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ് അവര്‍ക്കിത് സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Home INTERNATIONAL ‘മത്സ്യത്തൊഴിലാളിസമൂഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു’:പ്രളയകാലത്തെ രക്ഷകരെ പ്രകീര്‍ത്തിച്ച് ജനീവയില്‍ മുഖ്യമന്ത്രി