എല്‍.ഡി.എഫ് സര്‍ക്കാര്‍ ബാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയത് ടൂറിസം- ഐടി മേഖലകള്‍ക്ക് വേണ്ടിയാണെന്നും അവിടെയെല്ലാം തൊഴിലവസരങ്ങളെ ബാധിക്കാതിരിക്കാനാണെന്നുമുള്ള ബഹു. എക്സൈസ്/ തൊഴില്‍ മന്ത്രിയുടെ പ്രസ്താവന തങ്ങളുടെ തെറ്റായ നയങ്ങളെയും നടപടികളെയും ന്യായീകരിക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണ്.
ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നതും ഐടി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ തയ്യാറായി മുന്നോട്ടു വരുന്നതും മദ്യപിക്കാനാണെന്ന മട്ടിലുള്ള മന്ത്രിയുടെ അഭിപ്രായപ്രകടനം ആടിനെ പട്ടിയാക്കുന്ന കുതന്ത്രമാണ്. തന്നെയുമല്ല ഇതെല്ലാം വിനോദ സഞ്ചാരികളെയും ഐ.ടി രംഗത്തേക്ക് വരുന്നവരെയും അപമാനിക്കല്‍ കൂടിയാണ്.
2017ല്‍ കേവലം 29 ബാറുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 565 ആയി വര്‍ദ്ധിച്ചു.
മന്ത്രിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ഇത്രയേറെ മദ്യശാലകള്‍ വര്‍ദ്ധിച്ചപ്പോള്‍ ടൂറിസ്റ്റുകളുടെ വരവില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാകേണ്ടതല്ലേ?
അങ്ങനെ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കേരളം വിനോദസഞ്ചാരത്തില്‍ ഇന്ത്യയില്‍ ഏഴാം സ്ഥാനത്തേക്ക് ഇപ്പോള്‍ പിന്തള്ളപ്പെട്ടിരിക്കുകയാണ്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ കേരളം പിന്നിലെന്നാണ് സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിനുള്ളില്‍ നിന്നും വിദേശത്തു നിന്നും വിനോദസഞ്ചാരികള്‍ വരുന്ന ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേരളത്തിന്റെ സ്ഥാനം ഏഴാമതാണ്.
ഇതെല്ലാം തെളിയിക്കുന്നത് കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായ വന്‍ മദ്യവ്യാപനത്തിന് ടൂറിസം രംഗത്ത് എക്സൈസ് മന്ത്രി പറയുന്നത് പോലെ യാതൊരു ഫലവും ഉണ്ടാക്കാനായിട്ടില്ല എന്നതാണ്.
തന്നെയുമല്ല 730 ബാറുകള്‍ അടച്ചുപൂട്ടിയ 2014 – 2015 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 5.86% മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായതായി കാണാം. അതായത് മുന്‍വര്‍ഷത്തെ 9,23,366-ല്‍ നിന്നും 9,77,479 ആയി ഉയര്‍ന്നു.
ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലാകട്ടെ 6.59% വര്‍ദ്ധിച്ചു. മുന്‍വര്‍ഷം 1,16,95,411 ആയിരുന്നത് 1,24,65,571 എന്ന നിലയിലേക്കാണ് ഉയര്‍ന്നത്.
2016ലും സ്ഥിതി ആ നിലയില്‍ തന്നെ വളര്‍ച്ചയിലേക്കാണ് എത്തിയത്. വിദേശ ടൂറിസ്റ്റുകളുടെ വരവ് 6.23 % വും ആഭ്യന്തര ടൂറിസ്റ്റുകള്‍ 5.67% വും കൂടുകയാണുണ്ടായത്.
ടൂറിസം മേഖലയില്‍ നിന്നും വിദേശനാണ്യ വരുമാനത്തിലും 2015, 2016 വര്‍ഷങ്ങളില്‍ ഉണ്ടായ നേട്ടവും എടുത്തു പറയേണ്ടതാണ്.
വിദേശനാണ്യ വരുമാനത്തില്‍ 2015ല്‍ നേടിയ 6,949.88 കോടി മുന്‍ വര്‍ഷത്തേക്കാള്‍ 8.61% വര്‍ദ്ധനവാണ് കാണിക്കുന്നത്. 2016 ല്‍ ആകട്ടെ അത് 11.51 ശതമാനം വര്‍ധനയോടെ 7,449.51 കോടിയിലെത്തി. ചുരുക്കത്തില്‍ 2015 നേക്കാള്‍ 799.63 കോടി രൂപയുടെ വിദേശനാണ്യ വര്‍ദ്ധനവ് ഒറ്റ വര്‍ഷം കൊണ്ട് തന്നെ ഉണ്ടായതായി കാണാം.
മേല്ക്കാണിച്ചതെല്ലാം സംസ്ഥാന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക രേഖകളില്‍ പറയുന്നത് തന്നെയാണ്.
ഇതുമാത്രമല്ല മുന്‍ സര്‍ക്കാരിന്റെ മദ്യനയം വിനോദസഞ്ചാരികളുടെ എണ്ണം കുറച്ചിട്ടില്ലെന്ന് ബഹു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് തന്നെ വ്യക്തമാക്കിയിട്ടുണ്ട് (10-06-2017 പത്രവാര്‍ത്ത). ബാർ തുറക്കലും ടൂറിസവുമായി ബന്ധമില്ലെന്ന് ടൂറിസം മന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞതായി റിപ്പോർട്ട് വന്നിട്ടുമുണ്ട്.
ഇതെല്ലാം തെളിയിക്കുന്നത് മദ്യശാലകള്‍ അന്ന് അടച്ചുപൂട്ടിയതു കൊണ്ട് ടൂറിസ്റ്റുകളുടെ വരവില്‍ കുറവുണ്ടായിട്ടില്ല; മറിച്ച് അത് വര്ദ്ധിക്കുകയാണുണ്ടായതെന്ന സത്യത്തെയാണ് .
അതുകൊണ്ട് ടൂറിസത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമായി മദ്യശാലകള്‍ തുറക്കേണ്ടി വന്നുവെന്ന് പറയുന്നത് നിരര്‍ത്ഥകമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.