തരിയോട് – ദി ലോസ്റ്റ് സിറ്റി എന്ന പേരില്‍ മലബാര്‍ സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം പറയുന്ന മലയാള ചിത്രം വരുന്നു. ചിത്രത്തില്‍ പ്രമുഖ വിദേശ താരങ്ങളുണ്ട്. നവാഗതനായ നിര്‍മ്മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം 2021-ല്‍ ചിത്രീകരണം ആരംഭിക്കും. ബ്രിട്ടീഷ് മലബാറില്‍ നടന്നിരുന്ന സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം സിനിമയാകുന്നു എന്ന വാര്‍ത്ത മുന്‍പേ പുറത്തു വന്നിരുന്നു. സിനിമയുടെ ടൈറ്റിലും പ്രധാന വിദേശതാരങ്ങളുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ആസ്ട്രേലിയന്‍ നടനായ ബില്‍ ഹാച്ചന്സാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നത്. ഇംഗ്ലീഷ് താരങ്ങളായ ലൂയിങ് ആന്‍ഡ്രൂസ്, അലക്സ് ഓ നെല്‍, കോര്‍ട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടന്‍ ബേണ്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല. 2021 അവസാനത്തോടെ ചിത്രം തുടങ്ങുമെന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതേ പശ്ചാത്തലത്തില്‍ നിര്‍മല്‍ സംവിധാനം ചെയ്യുന്ന തരിയോട് എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. ഡോക്യുമെന്ററിയുടെ ട്രെയിലര്‍ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.