തിരുവനന്തപുരം:’മലയാള സിനിമ: അവബോധത്തിന്റെ മാറ്റം’ എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ മലയാളത്തിന്റെ യുവസംവിധായകര്‍ പങ്കെടുക്കും. വൈകിട്ട് 4.45 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഡോ. ബിജു,പി.കെ.ബിജുക്കുട്ടന്, ഉണ്ണികൃഷ്ണന് ആവള,എ.കെ വിനു,ബിനു ഭാസ്കര്‍,സുമേഷ് ലാല്‍,സുദീപ്,ഗൗതം,വിപിന്‍ രാധാകൃഷ്ണന്,സക്കറിയ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് ഇന്‍ കോണ്‍വെര്‍സേഷനില്‍ വിഖ്യാത ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജിദ് മജീദി പങ്കെടുക്കും.
ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചു
രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചത്. ഇന്ന് വൈകുന്നേരം 6 ന് ടാഗോറില്‍ പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കും. ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മേളയുടെ ഔദ്യോഗിക വെബ്സൈറ്റായ https://iffk.in/ അറിയാം. ഇതു സംബന്ധിച്ച മാറ്റങ്ങളുടെ അറിയിപ്പ് പ്രതിനിധികള്‍ക്ക് മൊബൈലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ന് 3 ന് ധന്യ തിയേറ്ററില്‍ ദി ബെഡ്, രാത്രി 10.15 ന് പിറ്റി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 11 ന് രാത്രി 8 ന് ടാഗോര്‍ തിയേറ്ററില്‍ ദി ഗ്രേവ്ലെസും 9.30 ന് ലെമണെയ്ഡും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12 ന് ടാഗോര്‍ തിയേറ്ററില്‍ രാത്രി 8 ന് എല്‍ എയ്ഞ്ചലും രാത്രി 10.30 ന് ദി ഇമേജ് ബുക്കും പ്രദര്‍ശിപ്പിക്കും.
ന്യൂ തിയേറ്റര്‍ സ്ക്രീന്‍ മൂന്നില്‍ ഡിസംബര്‍ 12 ന് 3.15 ന് ദി റെഡ് ഫല്ലാസും സ്ക്രീന്‍ രണ്ടില്‍ 6 ന് ഡാര്‍ക്ക് റൂമും ശ്രീപത്മനാഭയില്‍ വൈകിട്ട് 6 ന് ദി പോയ്സനസ് റോസും രാത്രി 10.15 ന് എ ട്രാം വേ ടു ജറുസലേമും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 13 ന് 3.15 ന് കലാഭവനില്‍ മത്സര ചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ പ്രദര്‍ശനമുണ്ടാകും.
ലോക സിനിമയില്‍ 33 ചിത്രങ്ങള്‍;’ദ ബെഡി’ന്റെ പുനഃപ്രദര്‍ശനം
രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമാ വിഭാഗത്തിലെ 33 ചിത്രങ്ങളടക്കം 61 ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് നടക്കും. ആദ്യ പ്രദര്‍ശനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ റോജോ, ആഗ എന്നിവയുടെ പുനപ്രദര്ശനവും ഇന്നുണ്ടാകും. അല്‍ഫോണ്‍സോ കുറവോണിന്റെ റോമ, ജൂറി ചെയര്മാന് മജീദ് മജീദിയുടെ മുഹമ്മദ്:ദ മെസ്സെഞ്ചര്‍ ഓഫ് ഗോഡ് എന്നിവയടക്കം 19 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശവും ഇന്നുണ്ടാകും.
മത്സര ചിത്രമായ ദി ബെഡിന്റെ പ്രദര്‍ശനം ധന്യയില്‍ ഉച്ചകഴിഞ്ഞ് 3.30 നാണ് നടക്കുക. ബ്യൂണസ് അയേഴ്സിലെ ഒരു വേനല്‍ക്കാലത്ത് താമസം മാറ്റാന്‍ ശ്രമിക്കുന്ന ജോര്‍ജ് – മേബല്‍ ദമ്പതികളുടെ സ്വകാര്യജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ രണ്ടാം പ്രദര്‍ശനമാണിത്. ജൂറി അംഗമായ വെട്രിമാരന്റെ വടചെന്നൈയുടെ മേളയിലെ ഏക പ്രദര്‍ശനവും ഇന്നുണ്ടാകും.
ഇന്ത്യന്‍ ചിത്രമായ ടേക്കിങ് ദ ഹോഴ്സസ് ടു ഈറ്റ് ജിലേബീസ്, ദ ഗ്രേവ്ലെസ്സ്, ദ റെഡ് ഫാലസ്, എല്‍ ഏയ്ഞ്ചല്‍ എന്നീ മത്സരചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. പറവ, മായാനാദി, ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്നീ മലയാള ചിത്രങ്ങളുടെയും മജിദ് മജീദി സംവിധാനം ചെയ്ത മുഹമ്മദ് ദ മെസ്സെഞ്ചര്‍ ഓഫ് ഗോഡിന്റെയും പ്രദര്‍ശനവുമുണ്ടാകും. മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ഈ ചിത്രത്തിന്റെ പ്രമേയം. രാത്രി 10.30 ന് നിശാഗന്ധിയിലാണ് പ്രദര്‍ശനം.