താനൂര്‍:മല്‍സ്യത്തൊഴിലാളിയായ സവാദിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യ പ്രതി പോലീസില്‍ കീഴടങ്ങി.സവാദിന്റെ ഭാര്യയുടെ കാമുകനായ ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍ (38) ആണ് കീഴടങ്ങിയത്.കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന പ്രതി തിങ്കളാഴ്ച രാവിലെ താനൂര്‍ സിഐ ഷാജിക്ക് മുമ്പാകെ കീഴടങ്ങിയതിനെത്തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബുധനാഴ്ച രാത്രിയാണ് തെയ്യാലയിലെ വാടക ക്വാര്‍ടേഴ്സിന്റെ വാരന്തയില്‍ ഇളയ കുട്ടിക്കൊപ്പം ഉറങ്ങുകയായിരുന്ന സവാദിനെ തലയ്ക്കടിച്ച് കൊന്നത്.സവാദിനെ ബഷീര്‍ തലക്കടിക്കുകയും മരണം ഉറപ്പിക്കാനായി സൗജത്ത് കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയുമായിരുന്നു. സൗജത്തിനേയും ബഷീറിന് സഹായം ചെയ്ത് നല്‍കിയ സുഫിയാനെന്നയാളേയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വീടിന്റെ പിന്‍വാതില്‍ വഴിയാണ് പ്രതികള്‍ അകത്തുപ്രവേശിച്ചതെന്ന് മനസ്സിലായതോടെയാണ് പോലീസിന് സവാദിന്റെ ഭാര്യയായ സൗജത്തിനെ സംശയമുണ്ടായത്. വിദേശത്തായിരുന്ന സവാദിനെ കൊലപ്പെടുത്താനായി ബഷീര്‍ മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു.
വിദേശത്തേക്ക് പോയെങ്കിലും മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം പ്രചരണങ്ങള്‍ വന്നതോടെ ബഷീറിന് ഷാര്‍ജയില്‍ പുറത്തിറങ്ങാന്‍ പറ്റാതെയായി.പ്രവാസി സംഘടനകള്‍ ഇയാളെ പിടികൂടുന്നതിന് വ്യാപക പ്രചാരണങ്ങളും നടത്തി.തുടര്‍ന്ന് ബന്ധുക്കളുടെ തന്നെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു.
ബഷീറിനെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു.തലയ്ക്കടിച്ച് കൊല്ലാനുപയോഗിച്ചെന്നു കരുതുന്ന മരത്തടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.