മലപ്പുറം: ഉരുള്‍പൊട്ടല്‍ തുടച്ചു നീക്കിയ കവളപ്പാറയില്‍ നിന്നും ഇതുവരെ കണ്ടെടുത്തത് 9 മൃതദേഹങ്ങള്‍. ഇനി 54 പേരെ കണ്ടെത്താനുണ്ട്. ഇതില്‍ ഇരുപതോളം കുട്ടികളുണ്ടെന്നാണ് വിവരം.ഇന്ന് രക്ഷാപ്രവര്‍ത്തനം തുടരവേ വീണ്ടും ഉരുള്‍പൊട്ടലുണ്ടായത് ആശങ്കയ്ക്കിടയാക്കി. പ്രദേശത്തു നിന്ന രക്ഷാപ്രവര്ത്തകരെയടക്കം മാറ്റി. ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാവുമെന്ന ആശങ്കയുള്ളതുകൊണ്ടു തന്നെ ഇന്നത്തെ രക്ഷാദൗത്യം നിര്‍ത്തി.വയനാട്ടിലെ പുത്തുമലയില്‍ നിന്നും ഇതുവരെ 9 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 9 പേരെ കണ്ടെത്താനുണ്ട്. തകര്‍ന്ന റോഡുകള്‍ താല്കാലികമായി പുനര്‍നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയത്.പോലീസ്, ഫയര്‍ ഫോഴ്സ് , ദുരന്തനിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാലാവസ്ഥ പ്രതികൂലമാവുന്നത് ഇവിടെയും രക്ഷാദൗത്യം ദുഷ്കരമാക്കിയിരിക്കുകയാണ്.
വടക്കന്‍ കേരളത്തില്‍ നാളെയും അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അതി തീവ്രമഴക്കു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.