തിരുവനന്തപുരം:കേരളത്തെിലുണ്ടായ മഹാപ്രളയത്തിനു ശേഷം സ്‌കൂളുകള്‍ ഇന്ന് തുറന്നു.മിക്കയിടങ്ങളിലും പ്രവേശനോല്‍സവം സംഘടിപ്പിച്ച് കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിച്ചാണ് സ്‌കൂളുകള്‍ തുറന്നത്.മഴക്കെടുതി മൂലം ഇത്തവണ ഓണാവധിയും നേരത്തേ നല്‍കിയിരുന്നു.പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളിലും ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളിലും ശുചീകരണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെയുളള മുന്നൂറിലേറെ സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല.ആലപ്പുഴയില്‍ കുട്ടനാട്,അമ്പലപ്പുഴ,ചേര്‍ത്തല താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജ് അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴമൂലം കുട്ടനാട്ടില്‍ ഏറെ അധ്യായന ദിവസങ്ങള്‍ ഇത്തവണ നഷ്ടപ്പെട്ടിട്ടുണ്ട്.
ബാക്കി സ്‌കൂളുകളിലും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതായതിനാല്‍ പഠനം ഉടന്‍ തുടങ്ങാനാവില്ല.പ്രളയം ബാക്കിവച്ച മാനസിക പ്രതിസന്ധികളില്‍നിന്നും കുട്ടികളെ കരകയറ്റാനാണ് ഇന്ന് മുതല്‍ അധ്യാപകരടക്കം ശ്രമിക്കുന്നത്.പല സ്‌കൂളുകളിലും ഇന്ന് ഓണസദ്യയുള്‍പ്പെടെ ഒരുക്കുന്നുണ്ട്.പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഇവ നാളെ മുതല്‍ വിതരണം ചെയ്യുമെന്നാണ് അധികൃതരുടെ ഉറപ്പ്.
ഈ വര്‍ഷത്തെ ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 31 നുള്ളില്‍ അവരവരുടെ സ്‌കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യണം.അടുത്ത ദിവസങ്ങളില്‍ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു.