തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ കാറിന്റെ സീറ്റ് ബല്‍റ്റിലുള്ളത് ശ്രീറാമിന്റെ വിരലടയാളം തന്നെയെന്ന് വിരലടയാള വിദഗ്ധരുടെ പരിശോധനാഫലം. എന്നാല്‍ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും വിരലടയാളവിദഗ്ദ്ധര്‍ പറയുന്നു.
കാറോടിച്ചത് വഫാ ഫിറോസാണെന്ന് ശ്രീറാം ആദ്യം പോലീസിനോട് പറഞ്ഞിരുന്നു.എന്നാല്‍ പിന്നീട് അതു തിരുത്തി താന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നും മൊഴി നല്‍കിയിരുന്നു.ശ്രീറാമാണ് വണ്ടിയോടിച്ചതെന്ന് വഫാ ഫിറോസും പോലീസിനു മൊഴി നല്‍കിയിരുന്നു.
കേസില്‍ ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയിരുന്നു. ശ്രീറാമിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.