ന്യൂഡല്‍ഹി:ഏറെ ചര്‍ച്ച ചെയ്യപ്പെട്ട,അതിലേറെ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ പരിപാടിയായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’.പരിപാടിക്ക് ബിജെപി നേതാക്കളൊന്നടങ്കം വലിയ പ്രൊമോഷന്‍ നല്‍കിയതും വിമര്‍ശിക്കപ്പെട്ടു.
സാഹസിക യാത്രികനായ ബിയര്‍ ഗ്രില്‍സിനൊപ്പം മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ സഞ്ചരിക്കുന്നതാണ് പരിപാടി.മോദി ഹിന്ദിയില്‍ സംസാരിച്ചത് ഹിന്ദി അറിയാത്ത അവതാരകനായ ഗ്രില്‍സിന് എങ്ങനെ മനസിലായെന്നാണ് എല്ലാവരും സംശയമായി ഉന്നയിച്ചത്.ആ സംശയത്തിനുള്ള ഉത്തരം മോദി തന്നെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ വെളിപ്പെടുത്തി.
ഗ്രില്‍സ് ചെവിയില്‍ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയില്‍ സംസാരിക്കുന്നത് ഉടന്‍ തന്നെ ഈ ഉപകരണം ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യും. അങ്ങനെയാണ് വളരെ എളുപ്പത്തില്‍ ആശയവിനിമയം സാധിച്ചതെന്നും മോദി പറഞ്ഞു. പരിപാടി എത്ര തവണ ഷൂട്ട് ചെയ്തു, എത്ര തവണ എഡിറ്റ് ചെയ്തു എന്നുള്ള സംശയങ്ങള്‍ക്കും മോദി കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്. എഡിറ്റിംഗും റീഷൂട്ടുമൊന്നും വേണ്ടി വന്നില്ലെന്നും സംഭാഷണത്തില്‍ ടെക്നോളജി അത്രയേറെ ഇടപെടല്‍ നടത്തിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.