ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിയാക്കി കേരള യൂണിവേഴ്സിറ്റി മുൻ സിണ്ടിക്കേറ്റ് അംഗം R.S.ശശികുമാർ ലോകായുക്തയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസയക്കാൻ ലോകായുക്ത ഫുൾ ബഞ്ച് ഉത്തരവിട്ടു  .2018 സെപ്റ്റംബർ 17ന് ഫയൽ ചെയ്ത ഹർജിയിൽ നവംബർ 22 നാണ് ഫുൾ ബെഞ്ച് വാദം കേട്ടത് . ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്ന പരാതി നിലനിൽക്കുന്നതല്ലെന്നും ബഡ്ജറ്റ് അലോക്കേഷനിലുള്ള തുക സർക്കാരിന്റെ ഇഷ്ടം പോലെ വിനിയോഗിക്കാമെന്നുമാണ് സർക്കാർ അഭിഭാഷകനും ഡിജിപി യുമായ മഞ്ചേരി ശ്രീധരൻ നായർ വാദിച്ചത് .എന്നാൽ  ഈ ഫണ്ട്‌ മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലാത്തതിനാൽ ചട്ടപ്രകാരം മാത്രമേ ഫണ്ട്‌ വിനിയോഗിക്കാൻ പാടുള്ളുവെന്നും ഇതു സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവുമാണെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ സീനിയർ അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം വാദിച്ചു .  അന്തരിച്ച NCP നേതാവ് ഉഴവൂർ വിജയൻ ,മുൻ ചെങ്ങന്നൂർ  MLA രാമചന്ദ്രൻ നായർ,കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ കുടുംബത്തിന്  ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ അപേക്ഷപോലും കൂടാതെ മന്ത്രിസഭ അജണ്ടയിൽ പോലും ഉൾപ്പെടുത്താതെ നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ചു ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് കേസ്സ് പരിഗണിക്കുന്നത് ലോകായുക്ത ജസ്റ്റിസ് പയസ് C.കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് K.P.ബാലചന്ദ്രൻ, ജസ്റ്റിസ് A.K.ബഷിർ എന്നിവരടങ്ങിയ ഫുൾ  ബഞ്ചിന് വിടുകയായിരുന്നു.