കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ പാലയാട് ലോ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. ക്യാമ്പസിലുള്ള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്നും അതിനാല്‍ കോളെജില്‍ പോകാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കി കെ.എസ്.യു യൂണിറ്റ് ഭാരവാഹി സി.ജെ. സോഫി ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

പരിക്കേറ്റ വിദ്യാര്‍ത്ഥിനി

കഴിഞ്ഞ മാസം ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ സോഫിക്കും രണ്ട് സഹപാഠികള്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ ഒമ്പത് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നുവെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. രണ്ടാഴ്ച അടച്ചിട്ട ക്യാമ്പസ് കഴിഞ്ഞ ദിവസമാണ് തുറന്നത്.