തിരുവനന്തപുരം:മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനു നേരെ ബിജെപി -യുവമോര്‍ച്ച പ്രതിഷേധം.ശബരിമലയില്‍ നിന്നും മടങ്ങിയ സംഘത്തിലെ വസുമതി,യാത്ര,മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയെ കാണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നില്ല.തുടര്‍ന്ന് ഇന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് മനിതി സംഘത്തിനു നേരെ ബിജെപി – യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധമുണ്ടായത്.വനിതകളടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ചു കൊണ്ട് പ്രതിഷേധിച്ചതോടെ പൊലീസ് മനിതി സംഘാംഗങ്ങളെ ട്രയിനില്‍ കയറ്റി വാതിലും ജനലുകളും അടച്ചു.എന്നാല്‍ ഇവരെ പുറത്തിറക്കാതെ പിരിഞ്ഞു പോകില്ലെന്നും ട്രയിനെടുക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറിയിച്ചു.ഇതിനിടെ യ്രെിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു.തുടര്‍ന്ന് പ്രതിഷേധക്കാര്‍ റെയില്‍വേസ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.വികലാംഗരുടെ കംപാര്‍ട്ട്മെന്റില്‍ മനിതി പ്രവര്‍ത്തകര്‍ക്ക് യാത്ര ഒരുക്കിയ സംഭവത്തില്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.