തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചതിന്റെ പേരില്‍ കേസെടുത്തതിനു പിന്നാലെ മാപ്പപേക്ഷയുമായി വീട്ടമ്മ.കോഴഞ്ചേരി ചെറുകോല്‍ വടക്കേ പാരൂര്‍ വീട്ടില്‍ ശിവന്‍പിള്ളയുടെ ഭാര്യ മണിയമ്മയാണ് വീഡിയോയിലുടെ മാപ്പു പറഞ്ഞെത്തിയത്.അയ്യപ്പനെ ഓര്‍ത്ത് അങ്ങനെ പറഞ്ഞതാണെന്നും ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മണിയമ്മ പറയുന്നു.ഒരു അമ്മയെന്ന പരിഗണന നല്‍കി തന്നോട് ക്ഷമിക്കണമെന്നും ഇവര്‍ അപേക്ഷിക്കുന്നുണ്ട്.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ വച്ചാണ്
മണിയമ്മയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്തത്.ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി.എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂണിയന്‍ മുന്‍ സെക്രട്ടറിയും ചെങ്ങന്നൂര്‍ യൂണിയന്‍ മുന്‍ കണ്‍വീനറുമായ സുനില്‍ കുമാറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മണിയമ്മ മാപ്പ് പറച്ചിലുമായി രംഗത്തെത്തിയത്.