കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി.

കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

തോമസ് ചാണ്ടിയുടെ ഹര്‍ജിയും സി പി ഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുന്‍മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് കോടതി പരാമര്‍ശിച്ചത്.