കൊച്ചി:മുനമ്പം മുന്‍പും മനുഷ്യക്കടത്തിന്റെ കേന്ദ്രമായിട്ടുണ്ടെന്ന് പിടിയിലായവരുടെ മൊഴി.2013 -ല്‍ മുനമ്പത്ത് നിന്നും എഴുപത് പേരെ ഓസ്ട്രേലിയയിലേക്ക് മല്‍സ്യബന്ധന ബോട്ടില്‍ കടത്തിയെന്ന് മുഖ്യപ്രതിയുടെ പ്രഭുവിന്റെ മൊഴി.താനുള്‍പ്പെട്ട സംഘം 17 ദിവസം കൊണ്ട് ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെത്തിയെന്നും എന്നാല്‍ അവിടെ അവിടെ വെച്ച് ഓസ്ട്രേലിയന്‍ സേനയുടെ പിടിയിലായെന്നും പ്രഭു പറഞ്ഞു.
സൈന്യം എല്ലാവരേയും അഭയാര്‍ത്ഥി ക്യാമ്പിലേക്കു മാറ്റി. അഭയാര്‍ഥി വിസയും വര്‍ക്ക് പെര്‍മിറ്റും കിട്ടിയതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷം അവിടുത്തെ സ്ട്രോബറി തോട്ടത്തില്‍ ജോലി ചെയ്തു.പ്രതിമാസം 75000 രൂപയ്ക്ക് തത്തുല്യമായ തുക കിട്ടിയിരുന്നെന്നും എന്നാല്‍ കേസ് തീര്‍ന്നതോടെ എല്ലാവരേയും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഡീപോര്‍ട്ട് ചെയ്യുകയുമായിരുന്നെന്ന് പ്രഭു വെളിപ്പെടുത്തി.
നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് വീണ്ടും ഓസ്ട്രേലിയയ്ക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും പ്രഭു പറയുന്നു.മുനമ്പത്ത് നിന്നും ബോട്ട് പുറപ്പെടുന്ന സമയത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയതിനാല്‍ പ്രഭുവിന് ബോട്ടില്‍ കയറാന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ ഇയാളുടെ ഭാര്യയും മകളും ബോട്ടില്‍ പോയിട്ടുണ്ട്.
മനുഷ്യക്കടത്തിനായി ഡല്‍ഹിയില്‍ പണം പിരിക്കാനും മറ്റും മുന്‍പന്തിയിലുണ്ടായിരുന്ന പ്രഭുവിനെയും ഒപ്പം ദീപക് എന്നയാളെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് പോലീസിനു നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.