ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി പി എമ്മുമായി കൈകോർത്ത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുല്ലപ്പള്ളി കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു .സി പി എമ്മുമായി ചേർന്ന് സമരം നടത്താൻ കോൺഗ്രസ് അധ്യക്ഷൻ   മുല്ലപ്പള്ളി രാമചന്ദ്രൻ  തയ്യാറായില്ല എന്ന് മാത്രമല്ല രൂക്ഷമായ വിമർശനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം നിരന്തരം നടത്തുകയും ചെയ്തു .പിണറായി ഹിന്ദുത്വ  വാദിയാണെന്നും ബി ജെ പിക്കെതിരെയുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് ആത്മാർത്ഥതയില്ലെന്നും മുല്ലപ്പള്ളി പൊതുവേദിയിൽ   പ്രസംഗിച്ചു .പൗരത്വ വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്ന ഗവർണർക്കു പിണറായി വിജയൻ മറുപടി നല്കാത്തതിനെയും മുല്ലപ്പള്ളി വിമർശിച്ചു .എപ്പോഴും  എന്തിനും പിണറായിയെ വിമർശിക്കുന്ന മുല്ലപ്പള്ളിക്ക് മനോനില തെറ്റിയിരിക്കുകയാണെന്നു സി പി എം സംസ്ഥാനകമ്മറ്റി പത്രക്കുറിപ്പിറക്കി. സംയുക്ത സമരത്തിന് പിന്തുണ നൽകിയ രമേശ് ചെന്നിത്തലയെയും  ഉമ്മൻചാണ്ടിയെയും സി പി എം അഭിനന്ദിച്ചു .പൗരത്വ വിഷയത്തിൽ ഇടതുപക്ഷത്തോടൊപ്പം സമരം നടത്തണമെന്ന് വാദിക്കുന്നവരും കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയാൽ മതി എന്ന് വാദിക്കുന്നവരുമായ രണ്ടു വിഭാഗങ്ങൾ കോൺഗ്രസിൽ രൂപപ്പെട്ടു .രമേശിനെ വി ഡി സതീശൻ പിന്തുണച്ചപ്പോൾ വി എം സുധീരനും കെ മുരളീധരനും മുല്ലപ്പള്ളിയോടൊപ്പം നിന്നു.ഇപ്പോൾ ശശി തരൂർ മുല്ലപ്പള്ളിയുടെ നിലപാടിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നു .സി പി എമ്മുമായി സഹകരിച്ചു മുന്നോട്ടു പോകാനാകില്ല എന്ന് തരൂർ വ്യക്തമാക്കുന്നു .ഒരുമിച്ചു നിന്നാൽ ഉടനെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ദോഷകരമായി ബാധിക്കും .സി പി എമ്മിന്റെ അക്രമ പ്രവർത്തനങ്ങളും സഹിക്കാനാകില്ല എന്നും തരൂർ പറഞ്ഞു .