ദില്ലി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.കേരളവും തമിഴ്‌നാടും തീരുമാനം അംഗീകരിച്ച് സഹകരിച്ച് മുന്നോട്ടുപോകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടിയാക്കി കുറയ്ക്കണമെന്നാണ് മേല്‍നോട്ടസമിതിയുടെ ശുപാര്‍ശയെന്ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച സുപ്രീംകോടതി മേല്‍നോട്ടസമിതിയുടെ തീരുമാനവുമായി മുന്നോട്ട് പോകാന്‍ കേരളത്തോടും തമിഴ്‌നാടിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായപ്പോള്‍ ഷട്ടറുകള്‍ തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല.എന്നാല്‍ പ്രളയത്തിനു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീകോടതിയില്‍ പറഞ്ഞു.