കാസര്‍കോട്:ബദിയടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് മരിച്ചു.ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ എന്നു വിളിപ്പേരുള്ള നാരായണന് നായ്ക്ക് (35)ആണ് മരിച്ചത്.യുവാവിന്റെ തലയുള്‍പ്പെടെ ഗുഹക്കുള്ളിലെ മണ്ണില്‍ പുതഞ്ഞു കിടക്കുകയായിരുന്നു.22 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ മൃതദേഹം പുറത്തെടുത്തത്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് നാരായണന് നായ്ക്ക് ഉള്‍പ്പെടെ അഞ്ചംഗസംഘം മുള്ളന്‍പന്നിയെ പിടികൂടാനായി ബായാറിലെ കാട്ടിലേക്ക് പോയത്.ഇതിനിടയില്‍ ഒരു മുള്ളന്‍പന്നി ഗുഹക്കുള്ളിലേക്ക് കടന്നപ്പോള്‍ അതിനെ പിടികൂടാന്‍ നാരായണന് ഗുഹക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു.ഏറെസമയം കഴിഞ്ഞിട്ടും ഇയാള്‍ മടങ്ങി വരാത്തതിനെതുടര്‍ന്ന് കൂടെയുണ്ടായിരുന്ന നാലുപേര്‍ ഗുഹക്കകത്തേക്ക് പ്രവേശിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇതിലൊരാള്‍ പുറത്തിറങ്ങുകയും ഫയര്‍ഫോഴ്സിനെയും പോലീസിനേയും നാട്ടുകാരേയും വിവരം അറിയിക്കുകയുമായിരുന്നു.ഇവരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.
രാത്രി 10 മണിയോടെയാണ് കാണാതായ നാരായണന് നായ്ക്കിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചത്.ഇടുങ്ങിയതും ഒരാള്‍ക്കു മാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ ഗുഹയായതിനാല് രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്കരമായി.ഉപ്പള, കാസര്‍കോട് ഫയര്‍ഫോഴ്സുകളുടെ രണ്ട് യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഗുഹയുടെ അമ്പത് മീറ്റര്‍ ഉള്ളിലായാണ് ശരീരം മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയത്.