മെര്‍സലിന് പിന്തുണ അറിയിച്ചുള്ള സ്വാമീ സന്തീപാനന്ദഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തകളില്‍ നിറയുന്നൂ. വിവാദമായ വിജയ് ചിത്രം മെര്‍സല്‍ സുഹൃത്തിനൊപ്പം കണ്ട ശേഷമാണ് സന്തീപാനന്ദഗിരി തന്റെ ഫെയ്സ്ബുക്കില്‍ അഭിപ്രായം കുറിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണ അറിയിക്കുന്നതിനൊപ്പം ബിജെപി സര്‍ക്കാറിനെയും അവരുടെ നിലപാടിനെയും വിമര്‍ശിച്ചിട്ടുമുണ്ട്.
മെര്‍സല്‍ കണ്ടുവെന്നു തുടങ്ങുന്ന സ്വാമീ സന്തീപാനന്ദഗിരിയുടെ ഫെയ്സ്ബുക്ക്പോസ്റ്റ് ഇങ്ങനെ….
‘പാലക്കാട് സുഹൃത്ത് സജീഷ് ചന്ദ്രനൊപ്പം ഇന്ന് മെര്‍സല്‍ കണ്ടു!
വിജയ് ആരാധകരെ ആനന്ദിപ്പിക്കുകയും ഒപ്പം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് സിനിമ.ആകെ മൊത്തം ടോട്ടല്‍ സിനിമയെക്കുറിച്ച് പറഞ്ഞാല്‍, ബ്രസീല്‍ അര്‍ജന്റ്റീന ഫുട്ബോള്‍ മത്സരം കണ്ട പ്രതീതി.ഒരു മേജര്‍രവി പടം പോലെയല്ല.മറിച്ച് തൃശൂര്‍പൂരം വെടിക്കെട്ട്പോലെയാണ് മെര്‍സല്‍.മേജര്‍ ഒരുക്കുന്ന വെടിക്കെട്ട് പലപ്പോഴും മൈനറിലാണല്ലോ അവസാനിക്കുന്നത്,മാത്രവുമല്ല ചില അമിട്ടുകള്‍ പൊട്ടാറുമില്ല.
വിജയ് തന്റെ ആരാധകര്‍ക്ക് വേണ്ടത് കൃത്യമായ അളവില്‍ നല്‍കിയിട്ടുണ്ട്, ആയതിനാല്‍ വിജയ് ആരാധകര്‍ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടിയില്‍ കാര്യമാക്കാതെ പൂര്ണ്ണതൃപ്തരായാണ് തിയേറ്റര്‍ വിട്ട് ഇറങ്ങിപോകുന്നത്. എന്തുകൊണ്ടായിരിക്കാം ഭാജ്പാ സിനിമയെ ഭയക്കുന്നത്?
ഭയന്നില്ലങ്കിലേ അല്‍ഭുതപ്പെടാനുള്ളൂ, സാധാരണക്കാരില്‍ സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍, ഉമിത്തീപോലെ അവന്റെ മനസ്സിന്റെ അടിത്തട്ടില്‍ ജി.എസ്.ടിയും,നോട്ട് നിരോധനവും,മെഡിക്കല്‍ കോഴയും,കൂടാതെ അവനനുഭവിക്കുന്ന ഓരോ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാരായവരേയും കണ്ടെത്താന്‍ സഹായിക്കുന്ന അഗ്നി വിജയ് സമര്‍ത്ഥമായി കൊളുത്തി വെക്കുന്നുണ്ട്, ഇത് ആളിപ്പടരാനുള്ള സാധ്യത ഭയപ്പാടോടുകൂടി ഭരണകൂടം കാണുന്നു എന്നത് സത്യമാണ്.
ഈ ഭയപ്പാട് കാണിക്കുന്ന സൂചന നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് മറ്റാരേക്കാളും നന്നായി ഭരണകൂടനേതൃത്വം അറിയുന്നു എന്നതിലാണ്.’