ഷില്ലോംഗ്:മേഘാലയയില്‍ വീണ്ടും ഖനി അപകടം.മോക്നോറില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു.എലാദ് ബറേ,മോനോജ് ബസുമത്രി എന്നിവരാണ് മരിച്ചത്.കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ വലിയ പാറക്കല്ല് ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്.
എലാദ് ബറേയെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഖനിയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.തിരിച്ചിലിനിടെ മോനോജ് ബസുമത്രിയുടെ മൃതദേഹവും കണ്ടെത്തി.അനധികൃത ഖനിയുടെ ഉടമയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഈസ്റ്റ് ജയന്തിയ ജില്ലയില്‍ ജോലിയ്ക്കിടെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഡിസംബര്‍ 13നാണ് പെട്ടെന്നുണ്ടായ പ്രളയത്തെത്തുടര്‍ന്ന് നദിയില്‍ നിന്ന് വെള്ളം ഖനിയിലേക്കിരച്ചു കയറി തൊഴിലാളികള്‍ കുടുങ്ങിയത്.25 ദിവസമായി തുടരുന്ന തിരച്ചിലില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.ഖനിക്കുള്ളിലെ ഇടുങ്ങിയ അറകളിലേയ്ക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും സാധിച്ചിട്ടില്ല.
മേഘാലയയില്‍ നിരവധി അനധികൃത ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ ഇതെല്ലാം ഭരണ പ്രതിപക്ഷ കക്ഷികളുടെ അറിവോടെയാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഖനികളില്‍ അപകടമുണ്ടായാലും അന്വേഷണം കാര്യമായി നടക്കില്ല.