തിരുവനന്തപുരം:23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പെട 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.വനൗരി കഹ്യു സംവിധാനം ചെയ്ത റഫീക്കി, റുമേനിയന്‍ ചിത്രം ലമണെയ്ഡ്,ക്രിസ്റ്റ്യാനോ ഗലേഗോയുടെ ബേര്‍ഡ്സ് ഓഫ് പാസേജ്,ഖസാക്കിസ്ഥാന്‍ ചിത്രം ദി റിവര്‍,മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രമായ വിഡോ ഓഫ് സൈലന്‍സ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
റിമമ്പറിങ്ങ് ദി മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ് ഫോര്‍മാന്റെ അമേദ്യൂസും ചലച്ചിത്ര പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാനോടുള്ള ആദരസൂചകമായി പെര്‍സോണ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.
നിശാഗന്ധിയില്‍ വൈകിട്ട് ആറിന് സമാപന ചടങ്ങിന് ശേഷം സുവര്‍ണ ചകോരം നേടുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ടാകും.
പ്രേക്ഷകഹൃദയം കീഴടക്കി ‘എ ട്വല്‍വ് ഈയര്‍ നൈറ്റ്’
ചലച്ചിത്രമേളയുടെ ആറാംനാളില്‍ ഉറുഗ്വേന്‍ സംവിധായകന് അല്‍വേരോ ബ്രക്നറിന്റെ എ ട്വല്‍വ് ഈയര്‍ നൈറ്റ് പ്രേക്ഷകമനസ്സ് കീഴടക്കി.1973 ല്‍ പട്ടാളഭരണത്തിന് കീഴിലുള്ള ഉറുഗ്വേയില്‍ രാഷ്ട്രീയ തടവുകാരനായി പിടിക്കപ്പെട്ട പെപ്പെ മുജിഗയുടെ ജയില്‍ ജീവിതം അടയാളപ്പെടുത്തിയ ചിത്രം പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെ ഏറ്റെടുത്തു.
മത്സര വിഭാഗത്തിലെ മലയാള ചിത്രമായ സുഡാനി ഫ്രം നൈജീരിയ, വനൂരി കൈഹുവിന്റെ റഫീക്കി, എല്‍ ഏയ്ഞ്ചല്‍, റോജോ, ഷോപ്പ്ലിഫ്റ്റെഴ്സ്, ഡോണ്‍ബാസ് തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകത്തിരക്കിലാണ് പ്രദര്‍ശിപ്പിച്ചത്.
കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ദി ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്, അലി അബ്ബാസിയുടെ ബോര്‍ഡര്‍, കിം കി ദക്കിന്റെ ഹ്യൂമന്‍ സ്പേസ് ടൈം ആന്റ് ഹ്യൂമന്‍, അല്‍ഫോണ്‍സോ കുവറോണിന്റെ റോമ എന്നീ ചിത്രങ്ങളും ആറാം ദിവസം പ്രേക്ഷക പ്രീതി നേടി.