കോയമ്പത്തൂര്‍:ദുരന്ത പ്രതിരോധ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ 19കാരി മരിച്ച സംഭവത്തില്‍ പരിശീലകന്‍ വ്യാജനാണെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി.മോക് ഡ്രില്ലിന്റെ ഭാഗമായി താഴേയ്ക്ക് ചാടാന്‍ മടിച്ച് നിന്ന വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട അറുമുഖം തങ്ങളുടെ ഔദ്യോഗിക പരിശീലകനല്ലെന്നും ഇയാള്‍ക്ക് ഏജന്‍സി ഔദ്യോഗിക പരിശീലനം നല്‍കിയിട്ടില്ലെന്നും ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
നരസിപുരം കോവൈ കലൈമകള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ച ലോകേശ്വരി.ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.അപകടത്തിലാവുമ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും രക്ഷപ്പെടുന്നത് എങ്ങനെയെന്ന് മോക്ഡ്രില്‍ നടത്തുകയായിരുന്നു.രണ്ടാം നിലയുടെ സണ്‍ഷേഡില്‍നിന്നും താഴേക്ക് ചാടാന്‍ പരിശീലകന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു.തുടര്‍ന്ന് ഇന്‍സ്ട്രക്ടറായ അറുമുഖം ലോകേശ്വരിയെ തള്ളിയിടുകയായിരുന്നു.പെണ്‍കുട്ടിയുടെ തല ഒന്നാം നിലയിലെ ഷേഡില്‍ വന്നിടിച്ചശേഷം താഴെ കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച വലയില്‍ നിന്നും മാറി വീഴുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക്ഡ്രില്‍ നടന്നതെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞത്.എന്നാല്‍ തങ്ങള്‍ വിവരം അറിഞ്ഞിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കി.ലോകേശ്വരിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഇ.പളനിസ്വാമി അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.