ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ എഴുത്തുകാരനും മുന്‍ ബിജെപി നേതാവുമായ അരുണ്‍ ഷോരിയുടെ വിമര്‍ശനം. നരേന്ദ്ര മോദിയേക്കാള്‍ അരക്ഷിതനും ദുര്‍ബലനുമായ പ്രധാനമന്ത്രി അധികാരത്തിലിരുന്നിട്ടില്ലെന്നും കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയില്‍ ഇപ്പോള്‍ നടക്കുന്നതു പോലെയുള്ള ഇത്രയധികം യാഥാര്‍ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് താന്‍ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ടൈംസ് ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം.
വിവരസാങ്കേതിക വിദ്യയുടെ പുതിയ കാലഘട്ടത്തില്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അതിനാല്‍ തന്നെ കുപ്രചരണങ്ങളും വളച്ചൊടിക്കലും എളുപ്പം വെളിച്ചത്ത് വരുമെന്നും അരുണ്‍ ഷോരി പ്രതികരിച്ചു.

‘അംബേദ്കര്‍ ഹിന്ദുത്വത്തെയും ബിജെപിയെയും അനുകൂലിച്ചു എന്ന തരത്തില്‍ ചിലപ്പോള്‍ ബിജെപി വാദങ്ങളുന്നയിച്ചിട്ടുണ്ട്. അംബേദ്കറുടെ തന്നെ ‘റിഡ്ഡില്‍സ് ഇന്‍ ഹിന്ദൂയിസം’ എന്ന പുസ്തകം വായിച്ച് ഈ വാദങ്ങളെ നമുക്ക് ചോദ്യം ചെയ്യാനാകുമെന്നും’ അരുണ്‍ഷോരി അഭിപ്രായപ്പെട്ടു.