ഡല്‍ഹി:നരേന്ദ്രമോദി പണക്കാരുടെ മാത്രം കാവല്‍ക്കാരനെന്നും പാവങ്ങളെപ്പറ്റി മോദി ചിന്തിക്കാറില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.ഉത്തര്‍ പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്കുള്ള കുടിശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവുമായാണ് മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രിയങ്ക ട്വിറ്ററിലൂടെ അതിരൂക്ഷമായി വിമര്‍ശിച്ചത്.ഉത്തര്‍പ്രദേശില്‍ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള 10,000 കോടിയിലേറേ രൂപ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും ഇതുമൂലം കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസം,ഭക്ഷണം,ആരോഗ്യം എന്നിവ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക പറഞ്ഞു.കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് മുഴുവന്‍ പണവും ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബിജെപി അവകാശപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍, അമരോഹ, മൊറാദാബാദ്,സംബാല്‍,രാംപുര്‍,ബറേലി,ഖുശിനഗര്‍ എന്നിവിടങ്ങളില്‍ വലിയ ജനവിഭാഗവും കരിമ്പ് കര്‍ഷകരാണ്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ കരിമ്പ് കര്‍ഷകരുടെ വോട്ട് നിര്‍ണ്ണായകമാവുമെന്നതുകൊണ്ടു തന്നെ പ്രിയങ്കയുടെ ഇടപെടലിനും രാഷ്ട്രീയ പ്രാധാന്യമുണ്ട്.