പത്തനംതിട്ട:നിരോധനാജ്ഞ ലംഘിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പിജെ ജോസഫ്,എന്നിവരടക്കം ഒന്‍പതംഗ സംഘമാണ് ശബരിമലയിലേക്ക് പോകുന്നത്.ബെന്നി ബഹ്നാന്‍ എംഎഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്തനം തിട്ടയിലെത്തി.
നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ട് പോവുക എന്നത് തന്നെയാണ് യുഡിഎഫ് നേതാക്കളുടെ തീരുമാനം. ശബരിമലയില്‍ ആര്‍എസ്എസും ബിജെപിയും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അതിന്റെ പേരില്‍ പൊലീസിനെ വച്ച് ദര്‍ശനത്തിനുള്ള അവസരം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.ശബരിമലയില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് നടക്കുന്നതെന്നും പൊലീസും ആഭ്യന്തര വകുപ്പും പരാജയപ്പെട്ടെന്നും യുഡിഎഫ് നേതൃത്വം പറയുന്നു.ശബരിമലയില്‍ വിശ്വാസികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
യുഡിഎഫ് നേതാക്കള്‍ക്ക് പിന്നാലെ  വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് ശബരിമലയിലെത്തും. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകണമെന്നാണ് നിര്‍ദ്ദേശമുള്ള സര്‍ക്കുലര്‍ ഇന്നലെ ബിജെപി പുറത്തിറക്കിയിരുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.