ശബരിമല:തുടര്‍ച്ചയായി രണ്ടാം ദിവസവും യുവതികള്‍ മല കയറാനെത്തിയതോടെ ശരണപാത കലുഷിതമായി. രാവിലെ മല കയറാനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ അതിശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.മരക്കൂട്ടത്തും ശരംകുത്തിയിലും വലിയ പ്രതിഷേധം നടന്നു.ചന്ദ്രാനന്ദന്‍ റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്.സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചു.അതേസമയം പ്രതിഷേധം ശക്തമാകുമ്പോഴും എന്തു വന്നാലും മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് യുവതികള്‍. കനത്ത സുരക്ഷയില്‍ യുവതികള്‍ സന്നിധാനത്തേക്ക് യാത്ര തുടരുകയാണ്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞു പോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായിട്ടില്ല.മൂന്ന് ഡിവൈഎസ്പിമാരും സിഐമാരും യുവതികള്‍ക്ക് സുരക്ഷയൊരുക്കാനായി ശബരിമലയില്‍ എത്തിയിട്ടുണ്ട്. അതേ സമയം ബിന്ദുവിന്റേയും കനകദുര്‍ഗയുടേയും വീടിനു മുന്നില്‍ ഇതിനോടകം ബിജെപി നാമജപ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.