നെയ്യാറ്റിന്‍കര:വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍കുമാറിനെ വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ടു കൊന്ന കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്നാട്ടിലേക്കു കടന്നതായി സൂചന.ഇതേത്തുടര്‍ന്ന് അന്വേഷണസംഘം മധുരയിലേക്ക് പുറപ്പെട്ടു.നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തേത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫാണ്. കേസില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസെടുത്തതോടെ ഇയാളെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.എന്‍.ആര്.ഐ സെല്‍ എസ്.പി കെ.എസ്. വിമലാണ് അന്വേഷണം നടത്തുക.
കൊടുങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിവൈ.എസ്.പി ഹരികുമാര്‍ കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടില്‍ പോയിട്ട് മടങ്ങിവരുമ്പോള്‍ തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. മഫ്തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല.തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിച്ചു.സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല ഇതിനിടെ ഡിവൈ.എസ്.പി ഒളിവില്‍ പോയി.
അതേസമയം ഹരികുമാറിനെ ആഭ്യന്തര വകുപ്പും ഉന്നതരും സംരക്ഷിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മൂന്ന് മണിക്കൂര്‍ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു. ഡി.ജി.പിയും കളക്ടറും സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം.വൈകിട്ട് ആറോടെ നെടുമങ്ങാട് ആര്.ഡി.ഒ സ്ഥലത്തെത്തി അനുനയചര്‍ച്ച നടത്തി. സനലിന്റെ ഭാര്യയ്ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്നും ഡിവൈ.എസ്.പിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ആര്.ഡി.ഒ രേഖാമൂലം എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.ആറരയോടെ വീട്ടുവളപ്പില്‍ സനലിന്റെ മൃതദേഹം സംസ്കരിച്ചു.സനല്‍ ഇലക്ട്രിഷ്യനാണ്. ഭാര്യ വിജി.എബി, ആല്ബിന് എന്നിവര്‍ മക്കളാണ്.