തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 9 വിദ്യാര്‍ത്ഥികളെക്കൂടി സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.ഇതോടെ മൊത്തം 15 പേര് സസ്പെന്‍ഷനിലായിട്ടുണ്ട്.സംഘര്‍ഷത്തില്‍ 19 പേരെ പ്രതിചേര്‍ത്തിരുന്നെങ്കിലും നാലുപേര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
അതേസമയം പ്രശ്നങ്ങളെത്തുടര്‍ന്ന് ക്യാമ്പസിനുള്ളില്‍ ഏര്‍പ്പെടുത്തിയിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചു. അഞ്ചു പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരോട് കോളജില്‍ തുടരേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.പോലീസുകാര്‍ കോളജില്‍ തുടരുന്നതിനെ എതിര്‍ത്ത് കഴിഞ്ഞ ദിവസം എസ്എഫ്ഐക്കാര്‍ രംഗത്തെത്തിയിരുന്നു. കോളജിനു പുറത്ത് പോലീസ് സുരക്ഷ തുടരുന്നുണ്ട്.
അതേസമയം ഉത്തരക്കടലാസ് വിവാദവുമായി ബന്ധപ്പെട്ട് അഖില്‍ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ കോളജില്‍ തെളിവെടുപ്പിനെത്തിച്ചു. കോളജില്‍ നിന്നും ഉത്തരക്കടലാസ് കടത്തിയതായി ഇയാള്‍ സമ്മതിച്ചു.