തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ ഉള്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. മാര്‍ച്ച് തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ അതിനുശേഷവും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

സംഘര്‍ഷത്തില്‍ പത്തിലേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.