ആംസ്റ്റര്‍ഡാം:തന്നെ രക്ഷിച്ചവര്‍ക്കും ഇന്ത്യന്‍ നാവികസേനയ്ക്കും നന്ദി പറഞ്ഞ് നാവികന്‍ അഭിലാഷ് ടോമി.പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിനിടെ പരിക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ ചിത്രം പുറത്തു വന്നു.ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ ചിത്രം ഇന്ത്യന്‍ നേവി ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.
നാവികസേന വൈസ് അഡ്മിറല്‍ അജിത് കുമാര്‍ അഭിലാഷുമായി ഫോണില്‍ സംസാരിച്ചു.കടല്‍ അന്ന് അവിശ്വസനീയമാംവിധം പ്രക്ഷുബ്ധമായിരുന്നു.പായ്‌വ
ഞ്ചിയായ തുരിയ കടലില്‍ ആടിയുലഞ്ഞു.തുഴച്ചിലിലുള്ള തന്റെ കഴിവാണ് രക്ഷിച്ചതെന്ന് അഭിലാഷ് പറഞ്ഞു.നാവിക പരിശീലനവും കൂടുതല്‍ തുണച്ചു.തന്നെ രക്ഷിച്ചവര്‍ക്കും ഇന്ത്യന്‍ നാവിക സേനയ്ക്കും അഭിലാഷ് നന്ദി പറഞ്ഞു.
ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അഭിലാഷിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.നട്ടെല്ലിന് ഏറ്റ പരിക്ക് ഗുരുതരമല്ല.രണ്ട് ദിവസത്തിന് ശേഷം അഭിലാഷിനെ വിദഗ്ധ ചികിത്സയ്ക്കായി ഇവിടെ നിന്നും മാറ്റും.മൗറീഷ്യസിലേക്ക് കൊണ്ട് പോകുന്നതിനാണ് പ്രഥമ പരിഗണന.ഇന്ത്യയുടെ നാവിക കപ്പലായ സത്പുര വെള്ളിയാഴ്ച ആംസ്റ്റര്‍ഡാം ദ്വീപിലെത്തും.കൂടുതല്‍ ചികിത്സ സംവിധാനങ്ങളുള്ള ഓസ്‌ട്രേലിയന്‍ കപ്പലും അവിടേക്ക് തിരിച്ചിട്ടുണ്ട്.മകനെ എവിടേക്കാണ് കൊണ്ട് പോകുന്നതെന്ന് അറിഞ്ഞ ശേഷം അവിടേക്ക് പുറപ്പെടുമെന്ന് കൊച്ചിയിലുള്ള അഭിലാഷിന്റെ കുടുംബം പറയുന്നു.