റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ കേരളം കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജിട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ഹരിയാനയെ അവരുടെ നാട്ടില്‍ ഇന്നിംഗ്സിനും എട്ട് റണ്‍സിനും തകര്‍ത്താണ് കേരളം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ അഞ്ചാം ജയമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ ടീമുകളെയും കേരളം തോല്‍പ്പിച്ചിരുന്നു. ഹരിയാനയ്‌ക്കെതിരായ വിജയത്തോടെ 31 പോയിന്റുമായി ഗ്രൂപ്പില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി.

ഇന്നിഗ്സ് തോല്‍വി ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 182 റണ്‍സ് വേണ്ടിയിരുന്ന ഹരിയാന നാലാമത്തെയും അവസാനത്തെയും ദിനമായ ഇന്ന് 173 റണ്‍സിന് പുറത്തായി. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജലജ് സക്സേന, എംഡി നിഥീഷ്, രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ബേസില്‍ തമ്പി എന്നിവരാണ് ഹരിയാനയെ തകര്‍ത്തത്. സ്‌കോര്‍: ഹരിയാന 205, 173; കേരളം 389. 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ അമിത് മിശ്രമയാണ് ഹരിയാനയുടെ ടോപ് സ്‌കോറര്‍. മിശ്രയ്ക്ക് പുറമെ രജത് പലിവാല്‍ (34), പൂനിഷ് മേഹ്ത (32) എന്നിവര്‍ക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ.

അഞ്ചിന് 83 എന്ന നിലയില്‍ അവാസനദിനം ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ പൊരുതി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. സ്‌കോര്‍ 119 ല്‍ നില്‍ക്കെ ഇരട്ടപ്രഹരമേല്‍പ്പിച്ച കേരളം മത്സരത്തില്‍ പിടിമുറുക്കി. ആറാം വിക്കറ്റില്‍ 58 റണ്‍സെടുത്ത് മുന്നേറുകയായിരുന്ന പല്‍വിലിനെയും മിശ്രയെയും യഥാക്രമം ബേസില്‍ തമ്പിയും നിഥീഷും പുറത്താക്കി. ഏഴിന് 119 എന്ന നിലയിലേക്ക് വീണ ഹരിയാനയ്ക്ക് പിന്നീട് പൂനിഷ് മേഹ്തയുടെ ചെറുത്ത് നില്‍പാണ് സ്‌കോര്‍ 150 കടത്താന്‍ സഹായകമായത്.