കോട്ടയം: രണ്ടില ചിഹ്നത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പാലായില്‍ രണ്ടു തരത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര ചിഹ്നം ചോദിച്ച് സ്വതന്ത്രനായുമാണ് ജോസ് ടോം പത്രിക നല്‍കുന്നത്.
രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും തുടര്‍ നിയമ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും ജോസ് ടോം പറഞ്ഞു. പാലായില്‍ രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുന്നതാണ് പ്രധാനമെന്നും യുഡിഎഫ് ഇടപെട്ട് പ്രശ്‌നം തീര്‍ക്കുമെന്നുമാണ് ജോസ് കെ മാണിയുടേയും പ്രതീക്ഷ.ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.