ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.തടവുകാരെ മോചിതരാക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തമിഴ്‌നാട് മന്ത്രിസഭായോഗം തീരുമാനിച്ചു.ഗവര്‍ണര്‍ അനുകൂലനിലപാടെടുക്കുമെന്നും, ഇക്കാര്യത്തില്‍ ഇനി തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.തുടര്‍ന്നാണ് മന്ത്രിസഭ പ്രത്യേകയോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചത്.
പേരറിവാളന്‍,നളിനി,മുരുകന്‍,ശാന്തന്‍ എന്നിവര്‍ വെല്ലൂര്‍ ജയിലിലും രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്,ജയകുമാര്‍ എന്നിവര്‍ മധുര ജയിലിലുമാണുള്ളത്. നേരത്തെ 2016 ല്‍ ജയലളിത ഏഴുപേരെയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസായതിനാല്‍ സംസ്ഥാനസര്‍ക്കാരിന് വിട്ടയക്കാന്‍ അധികാരമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.