ബി പി സി എ ല്ലിന്റെ 53.29 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരികൾ വിറ്റഴിക്കാനും, മാനേജ്മെന്റിന്‌മേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനുമുള്ള തീരുമാനം രാജ്യത്തിന് ഹാനികരമാണെന്നും; നിർണായകവും തന്ത്രപ്രധാനവും ആണെന്നതിനാൽ പൊതുമേഖലയിൽ സ്ഥാപിക്കപ്പെട്ട സ്ഥാപനത്തിന്റെ രൂപീകരണ കാലത്തെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈബി ഈഡൻ എംപി പാർലമെൻറിൽ പറഞ്ഞു.ചട്ടം 377 പ്രകാരം ബഹു: ലോക് സഭാ സ്പീക്കർക്ക് നൽകിയ പ്രത്യേക നോട്ടീസ് പ്രകാരമായിരുന്നു ഇക്കാര്യം ലോക്സഭയിൽ ഉന്നയിച്ചത്. 8 ലക്ഷം കോടിയിലധികം അധികം രൂപയുടെ ആസ്തിയും,2018-19 കാലയളവിൽ 3,37,622.53 കോടി രൂപയുടെ ആകെ പ്രവർത്തന വരുമാനവും (gross revenue from operations), 13,000 കോടി രൂപയുടെ ലാഭവും ഉള്ള ശ്രദ്ധേയമായ സ്ഥാപനമാണ് ബിപിസിഎൽ എന്ന് എംപി പറഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾ, അംഗപരിമിതർ ,ന്യൂനപക്ഷങ്ങൾ എന്നിവർക്ക് നിയമാനുസൃതമായ തൊഴിലവസരങ്ങളും സംവരണവും ഉറപ്പുനൽകുന്നതിലൂടെ സാമൂഹ്യനീതി സംരക്ഷിച്ചുപോരുന്നു ഒരു മാതൃകാ പൊതുമേഖലാ സ്ഥാപനം ആണിത്.ഗുണഭോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ഊർജ്ജ വിഭവങ്ങളും ഉല്പന്നങ്ങളും കാര്യക്ഷമമായി വിതരണം ചെയ്യുന്നതി ലൂടെയും ബിപിസിഎൽ ശ്രദ്ധേയമാണ്. ബിപിസിഎൽ വിറ്റഴിക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും; അടിയന്തരമായി , രാജ്യ താൽപര്യം മുൻനിർത്തി ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം റദ്ദാക്കാൻ സർക്കാർ തയ്യാറാകണം എന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു .