കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ ചേര്‍ന്ന് കൊച്ചി നാവികവിമാനത്താവളത്തില്‍ വെച്ച് രാഷ്ട്രപതിയെ സ്വീകരിച്ചു. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.

കോടതി ഉത്തരവുകള്‍ പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നീതി ലഭ്യമാക്കുന്നതിന് കാലതാമസം ഉണ്ടാകരുതെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും ഇന്നലെ അദ്ദേഹം നിര്‍വഹിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാകുമെന്ന് പറഞ്ഞ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ,ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ ഹൗസ് കേരളമായിരിക്കുമെന്നും പറഞ്ഞിരുന്നു.

കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം. ടെക്നോ സിറ്റി പദ്ധതിയുടെ നാലാം ഘട്ട ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു രാഷ്ട്രപതി.സംസ്ഥാന സര്‍ക്കാറിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച പൗര സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.