പത്തനംതിട്ട:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗം പരിഭാഷപ്പെടുത്തിയതിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെ കുറച്ചൊന്നുമല്ല സോഷ്യല്‍മീഡിയ പരിഹസിച്ചത്.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ വിട്ടുകളഞ്ഞതും ചില സമയത്ത് അന്തംവിട്ട് നിന്നതുമെല്ലാം വലിയ ചര്‍ച്ചയായി.ഒന്നു രണ്ടു തവണ പറഞ്ഞതു തന്നെ രാഹുലിന് ആവര്‍ത്തിക്കേണ്ടിയും വന്നു.കുറച്ചു നാളായി കോണ്‍ഗ്രസില്‍ നിന്നും അകല്‍ച്ച പാലിച്ചു നിന്നിരുന്ന കുര്യന് ബിജെപിയെ വിമര്‍ശിക്കാന്‍ മടിയാണെന്ന രീതിയിലും വിമര്‍ശനങ്ങളുണ്ടായി.
എന്നാല്‍ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുംപിജെ കുര്യന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്.ആന്റോ ആന്റണി പറഞ്ഞിട്ടാണ് പരിഭാഷകനായതെന്നും പ്രസംഗകന്‍ പറഞ്ഞത് പലപ്പോഴും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് കുര്യന്റെ വിശദീകരണം.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:-
രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യല്‍ മീഡിയയില്‍ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.പ്രസംഗകന്‍ പറയുന്നത് പരിഭാഷകന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യും ?ഞാന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്.പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗവും ഞാന്‍ മുന്‍പ് അപാകതകള്‍ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

”സാര്‍ ഈ പണിക്ക് പോയത് എന്തിനാണെന്ന് ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു.സ്ഥാനാര്‍ത്ഥി ശ്രീ. ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാന്‍ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്‌സര്‍വേര്‍റും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.
ഞാന്‍ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാര്‍ഥി നിര്‍ബന്ധിച്ചപ്പോള്‍ അത് അംഗീകരിച്ചു.