തിരുവനന്തപുരം:സാമൂഹിക വിഷയങ്ങളിലെല്ലാം എപ്പോഴും തന്റേതായ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ആളാണ് വിടി ബല്‍റാം എംഎല്‍എ.ശബരിമലയിലെ സ്ത്രീ പ്രവേശനവിധിയെയും ബല്‍റാം സ്വാഗതം ചെയ്തിരുന്നു.ഇപ്പോഴിതാ ശബരിമലയിലെ നിലവിലുള്ള തര്‍ക്കങ്ങളിലും മറ്റും വ്യത്യസ്ത നിലപാടുമായി ബല്‍റാം രംഗത്തെത്തിയിരിക്കുകയാണ്.ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉള്‍ക്കൊണ്ട് നിലപാടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു.പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സര്‍ക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്.എന്നാല്‍ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ല.പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് പാര്‍ട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.ഓര്‍ക്കുക;രാഹുല്‍ ഗാന്ധിയാണ്,രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്.