ദില്ലി:റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധിയിലെ പിഴവ് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കി.വിധിയുടെ 25ാം പാരഗ്രാഫില്‍ ഉള്ള പിഴവ് തിരുത്തണം എന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയിലെ ആവശ്യം. സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിനും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കും സമര്‍പ്പിച്ചെന്ന പരാമര്‍ശമാണിത്.വിധിപ്പകര്‍പ്പ് ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹര്‍ജ്ജിക്കാരും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സിഎജിയുടേതായി ഒരു റിപ്പോര്‍ട്ടും ഇതുവരെ പാര്‍ലമെന്റുമുമ്പാകെ വച്ചിട്ടില്ല.പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷമാണ് സിഎജി റിപ്പോര്‍ട്ട് വിശദപരിശോധനയ്ക്കായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിമുമ്പാകെ എത്തുക.
അനില്‍ അംബാനിയുടെ റിലയന്‍സിനെയും മുകേഷ് അംബാനിയുടെ റിലയന്‍സിനെയും ഒരേ കമ്പനിയായും വിധിന്യായത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.കോടതിയില്‍ നേരിട്ട് ഹാജരായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളും വിധിന്യായത്തില്‍ തെറ്റായാണ് വിവരിക്കുന്നത്.
വിഷയം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അന്വേഷണം വേണമെന്നാവശ്യപ്പെട്ടു.