ചെന്നൈ:തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്.ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ ഓഫീസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത റിയാസ് സബൂബക്കര്‍ കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി.ശ്രീലങ്കന്‍ സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമില്ലെങ്കിലും സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കേരളത്തില്‍ നിന്നും ആളുകള്‍ പോയതില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ കടുത്ത ആരാധകനാണ് റിയാസെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്‍പ്പെടെ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ പരിശോധനകള്‍.
അതേസമയം ശ്രീലങ്കയില്‍ സ്‌ഫോടനം നടന്നതിന് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെക്കുറിച്ചും എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്.