2019-ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ‘ . ഒരു റോബോട്ടിനെ കേന്ദ്രകഥാപാത്രമാക്കിയാണ് സംവിധായകന് രതീഷ് പൊതുവാള് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഈ റോബോട്ടിന്റെ സത്യാവസ്ഥയെക്കുറിച്ച് ഈ സിനിമ കണ്ട പ്രേക്ഷകര്‍ക്കൊക്കെ ആകാംക്ഷയുണ്ടായിരുന്നു. ഒറിജിനില്‍ റോബോട്ട് എന്നൊക്കെയാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ അതിന്റെ സസ്പെന്‍സ് അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തു വിട്ടിരിക്കുയാണ്. ചിത്രത്തിലെ റോബോട്ടായി വന്ന് രസിപ്പിച്ചത് നടനും, മിമിക്രി ആര്‍ട്ടിസ്റ്റുമായ സൂരജ് തേലക്കാടാണ്. തുടര്‍ന്ന് സൂരജ് റോബോട്ടായി ഒരുങ്ങുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. ദിവസവും മണിക്കൂറുകള്‍ നീണ്ടുനിന്ന മേക്കപ്പിനൊടുവിലാണ് സൂരജ് റോബോട്ടായി മാറിയത്. ചാര്‍ലി, അമ്പിളി, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം നിരവധി സ്റ്റേജ് ഷോകളിലും പരിചിതമുഖമാണ്. സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സൂരജ് ഈ വിജയത്തിന്റെ സന്തോഷത്തിലാണ്. സിനിമയുടെ ആസ്വാദനത്തിനു തടസ്സമാകേണ്ട എന്നു കരുതിയാണ് സൂരജാണ് റോബോട്ട് എന്ന കാര്യം പുറത്തു വിടാതിരുന്നതെന്ന് സംവിധായകന് പറയുന്നു. കഥാപാത്രത്തിനു വേണ്ടി സൂരജ് കാണിച്ച സമര്‍പ്പണത്തെ സുരാജ് വെഞ്ഞാറമൂടും സിനിമയിലെ മറ്റൊരു താരമായ സൈജു കുറുപ്പും അഭിനന്ദിച്ചു. ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണെങ്കില്‍കൂടി തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേര്‍ന്ന് പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്. അത് തന്നെയാണ് ഈ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ വിജയവും.