തിരുവനന്തപുരം:അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന് തലസ്ഥാനം വിട നല്‍കി.പൂര്‍ണ്ണ് ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു.
1992 ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിലെ ‘ഇരുളിന്‍ മഹാനിന്ദ്രയില്‍ നിന്നുണര്‍ത്തി നീ’ എന്ന കവിത ചൊല്ലിയാണ് അദ്ദേഹത്തിന് കലാകേരളം അന്തിമോപചാരം അര്‍പ്പിച്ചത്.
കടകംപള്ളി സുരേന്ദ്രന്‍ എം.എ ബേബി,പന്ന്യന്‍ രവീന്ദ്രന്‍,ടി.വി.ചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.നേരത്തേ യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചു.ലെനിന്‍ രാജേന്ദ്രന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ കാമ്പസില്‍ സഹപാഠികളും സുഹൃത്തുക്കളും മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തിന് വിട നല്‍കിയത്.ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ലെനിന്‍ രാജേന്ദ്രനെ അവസാനമായി കാണാന്‍ ഇന്നലെ കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലും എത്തിയിരുന്നു.
കരള്‍ രോഗബാധയെത്തുടര്‍ന്ന് തിങ്കളാഴ്ച ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ലെനിന്‍ രാജേന്ദ്രന്‍ മരണത്തിനു കീഴടങ്ങിയത്.