കൊല്ലം:കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന് കൂടി അറസ്റ്റിലായി. ഫാ.ജോണ്സണ് വി.മാത്യുവാണ് അറസ്റ്റിലായത്.യുവതിയെ പീഡിപ്പിച്ചുവെന്ന് വൈദികന് കുറ്റസമ്മതം നടത്തി.
ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള ഇദ്ദേഹത്തിന്റെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.വൈദികന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റുണ്ടായത്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് കേസിലെ മൂന്നാം പ്രതിയായ വൈദികനെതിരെ ചുമത്തിയിരിക്കുന്നത്.
കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീലസന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തുവെന്നാണ് ജോണ്സണ് വി മാത്യുവിനെതിരായ പരാതി.തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണസംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടുകൂടി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഹൈക്കോടതി വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇന്നലെ കേസിലെ രണ്ടാം പ്രതി ജോബ് മാത്യു കീഴടങ്ങിയിരുന്നു.ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു.മജിസ്ട്രേറ്റ് കോടതിക്കുമുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നെങ്കിലും രണ്ടു വൈദികര്‍ കീഴടങ്ങിയിട്ടില്ല.ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.