തിരുവനന്തപുരം:ആ വലിയ കടമ്പ കോണ്‍ഗ്രസ് കടന്നു.വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.മുരളിധരന്‍ മല്‍സരിക്കും. അവസാന നിമിഷം വളരെ നാടകീയമായാണ് മുരളിയുടെ രംഗപ്രവേശം.മല്‍സരിക്കാന്‍ തനിക്ക് സമ്മതമാണെന്ന് മുരളീധരന്‍ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.നേരത്തേ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി മുരളീധരനെ പരിഗണിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.

വടകരയില്‍ പോരാട്ടത്തിന് തയ്യാറാണെന്ന് മുരളീധരന്‍ പറഞ്ഞു.അക്രമരാഷ്ട്രീയവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക.വ്യക്തിക്കല്ല,രാഷ്ട്രീയത്തിനാണ് പരിഗണനയെന്നും മുരളീധരന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിളിച്ചെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയാണ് മുരളിധരന്‍ . പി ജയരാജനെപ്പോലെ ശക്തനായ സ്ഥാനാര്‍ത്ഥിക്കെതിരെ മുരളിയെത്തുന്നതോടെ വടകരയില്‍ പോരാട്ടം തീപാറും.