തിരുവനന്തപുരം:പുതുവര്‍ഷദിനത്തില്‍ നടത്താനിരിക്കുന്ന വനിതാമതിലിനെതിരെ പ്രതിപക്ഷം രംഗത്ത്. ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിച്ച് സ്വാതന്ത്യ സമരത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ശ്രമിക്കുന്നത് പോലെയാണ് നവോത്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നവോത്ഥാന പ്രസ്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മനുഷ്യച്ചങ്ങല, മനുഷ്യ മതില്‍ തുടങ്ങിയവ  ഡിവൈഎഫ്‌ഐയുടേയോ സിപിഎമ്മിന്റെയോ  പരിപാടികളായിട്ടാണ് കേരളം കണ്ടിട്ടുള്ളത്.വനിതാ മതില്‍ സിപിഎമ്മോ അവരുടെ വനിതാ സംഘടനകളോ ഔദ്യോഗികമായി നടത്തുന്നതില്‍ തെറ്റില്ല.എന്നാല്‍ സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി പരിപാടികള്‍ നടത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച സംഘടനകളില്‍ എത്ര പേര്‍ പങ്കെടുത്തു  എന്നത് വ്യക്തമാക്കുന്നതിന് മിനിറ്റ്‌സ് പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.എല്ലാ സാമുദായിക സംഘടനകളുടെയും പിന്തുണയുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരുണ്ട്.ചിലര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദായസംഘടനകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്  ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.