തിരുവനന്തപുരം:വനിതാമതില്‍ ഇന്ന്.വൈകിട്ട് 4 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍.50 ലക്ഷം വനിതകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്. തിരുവനന്തപുരത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.വിവിധ ജില്ലകളില്‍ മന്ത്രിമാരും നേതാക്കളും കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും മതിലില്‍ പങ്കാളികളാവും.
നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതില്‍ തുടക്കം മുതല്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു.എന്‍എന്‍ ഡിപി ഉള്‍പ്പെടെ സമുദായ സംഘടനകളുടെ പിന്‍തുണയോടെ നടത്തുന്ന വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു.വനിതാമതിലിനായി സര്‍ക്കാര്‍ ഫണ്ടുപയോഗിക്കുന്നതിനെയും കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അയ്യപ്പജ്യോതിയിലും കോണ്‍ഗ്രസ് സഹകരിച്ചില്ല. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരും വനിതാ മതിലിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു.വനിതാമതിലിനു പിന്‍തുണയുമായി എത്തിയ ശേഷം നടി മഞ്ജു വാര്യര്‍ പരിപാടിയില്‍നിന്നും പിന്‍മാറിയത് വലിയ വിവാദമായി.പിന്‍മാറ്റത്തിന്റെ പേരില്‍ മഞ്ജു സൈബര്‍ ആക്രമണങ്ങളും നേരിട്ടു.
വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. എസ്എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിപിഎം തന്നെയാണ് മുഖ്യ പങ്കാളികള്‍.