പാലക്കാട്:വനിതാ മതിലിനായി പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം.പാലക്കാട് ജില്ലയിലെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്നും വനിതാമതിലിനായി സംഘാടകര്‍ പണം പിരിച്ചുവെന്ന പരാതിയിലാണ് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങിയത്.സഹകരണ വകുപ്പ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം.ആരോപണത്തില്‍പ്പെട്ട ബാങ്കിനോട് വകുപ്പ് വിശദീകരണം തേടിക്കഴിഞ്ഞു.അതേസമയം അനധികൃതമായി പാവങ്ങളുടെ കൈയില്‍നിന്നും പണപ്പിരിവ് നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
ഒറ്റപ്പാലം സഹകരണ ബാങ്കിനെതിരെയാണ് ആരോപണമുയര്‍ന്നത്.പരാതി നല്‍കിയവരില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു.പാലക്കാട് ജില്ലയില്‍ പുതുശ്ശേരി, എലപ്പുള്ളി, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് പണം പിരിച്ചതായി പരാതിയുയര്‍ന്നത്.രോഗബാധിതരും ഭിന്നശേഷിക്കാരുമായ ആളുകളില്‍നിന്നും 100 രൂപ വീതമാണ് വനിതാ മതിലിന്റെ പേരില്‍ പിരിച്ചെടുത്തത്.ചിലര്‍ക്ക് വനിതാ മതിലിന്റെ പേരിലുള്ള രസീതും കൈമാറിയിരുന്നു.എന്നാല്‍ പണം പിരിച്ചെടുത്തിട്ടില്ലെന്നാണ് സംഘാടകരുടെ വിശദീകരണം.